മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക ഒട്ടേറെ വെല്ലുവിളികളാണ് ഇത്തവണ ധനമന്ത്രിക്ക് മുമ്പിലുള്ളത്..

തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മൊറാർജി ദേശായിയുടെ ആറ് തുടർ ബജറ്റുകളെന്ന റെക്കോഡാണ് നിർമല സീതാരാമൻ മറികടക്കാൻ പോകുന്നത്. പക്ഷേ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങൾ. കഴിഞ്ഞ ആറ് തവണയും കേവലഭൂരിപക്ഷമുള്ള ബിജെപിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിൽ ഇത്തവണ സഖ്യ താത്പര്യങ്ങൾ പരിഗണിച്ചേ തീരൂ. മെച്ചപ്പെട്ട നികുതി – കുതിയേതര വരുമാനം, RBIയിൽ നിന്ന് കിട്ടിയ 2.11 ലക്ഷം കോടിയുടെ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്.

മറുവശത്ത് സാമ്പത്തിക അസമത്വം , ഭക്ഷ്യ വിലക്കയറ്റം, ഭൗമരാഷ്ട്രീയെ പ്രശ്നങ്ങൾ എന്നിവ വെല്ലുവിളി ഉയർത്തുന്നു. ഒപ്പം തന്നെ ബജറ്റിൽ വൻ വിഹിതം ആവശ്യപ്പെട്ട് എൻ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ഉയർത്തുന്ന തലവേദന വേറെ. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് തുടർഭരണമെന്ന കടമ്പ കടക്കാൻ നൽകിയ കൈസഹായത്തിന് പ്രത്യുപകാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും. പ്രത്യേക പദവി ബിഹാറിന് നൽകില്ല എന്ന നിലപാട് പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ പരിഗണിക്കാതെ പോകാനാവില്ല.

അതേസമയം കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനവും റെയിൽവേ വികസനത്തിനുള്ള വിഹിതവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും സംസ്ഥാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഇന്നത്തെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പല മേഖലകളിലും മുരടിപ്പ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ പ്രതീക്ഷ വർധിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും.

