മലപ്പുറത്ത് 68 വയസ്സുകാരന് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തി

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗ ലക്ഷണങ്ങൾ. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ 68 കാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.


ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

