KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം: ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചു

കോഴിക്കോട്‌: ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം. നഗരത്തിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്‌ മഴ പെയ്‌തത്‌. അതേസമയം പലയിടങ്ങളിലും വെള്ളക്കെട്ടിന്‌ കുറവില്ലാത്തതിനാൽ പലരും ക്യാമ്പുകളിൽ തുടരുകയാണ്‌. കോഴിക്കോട്‌ താലൂക്കിൽ രണ്ട്‌ ക്യാമ്പ്‌ തുടങ്ങി. ഇതോടെ കോഴിക്കോട് താലൂക്കിൽ എട്ട്, കൊയിലാണ്ടി താലൂക്കിൽ രണ്ട് എന്നിങ്ങനെ 10 ക്യാമ്പുകളിലായി. 28 കുടുംബങ്ങളിൽനിന്നായി 91 പേരാണ് ക്യാമ്പുകളിലുള്ളത്‌.
 കോഴിക്കോട് താലൂക്കിലെ കുരുവട്ടൂർ വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പറമ്പിൽ അങ്കണവാടിയിലാണ് ക്യാമ്പ് തുറന്നത്. രണ്ട്‌ കുടുംബങ്ങളിലായി ആകെ മൂന്നു പേരാണിവിടെയുള്ളത്‌. കക്കാട് വില്ലേജ് പരിധിയിലെ മാട്ടറ ചീപ്പാകുഴിയിൽ ജമീലയുടെ വീടിന് വിള്ളലുണ്ടായതിനെ തുടർന്ന് കുടുംബത്തിലെ ഏഴുപേരെ തൊട്ടടുത്ത പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 40 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ മാറിയിരുന്നു.
കൊയിലാണ്ടി താലൂക്കിലെ കോതമഗംലം ജിഎൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 7 കുടുംബങ്ങളിൽ നിന്നായ് 39 പേർ താമസിക്കുന്നു. ഇതിൽ പലരും വീടുകളിലേക്ക്‌ തിരിച്ചുവന്നു. കല്ലാച്ചി മേഖലയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകിവീണ് രണ്ട്‌ വീട്‌ തകർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Share news