മോഡി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും പടുകുഴിയിലാഴ്ത്തി

ദില്ലി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-ാം സ്ഥാനത്ത്. 10 വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലാഴ്ത്തി. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും വാഗ്‌ദാനങ്ങളായി മാറിയപ്പോൾ അടുത്ത അഞ്ചുവർഷമെങ്കിലും ദാരിദ്ര്യമൊഴിയുമെന്ന പ്രതീക്ഷയിലാണ് ഉത്തരേന്ത്യൻ ഗ്രാമവാസികൾ.

കഴിഞ്ഞ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-മത്, പത്ത് വർഷക്കാലം ഭരണത്തിലിരുന്നിട്ടും സാധാരണക്കാരന്റ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ബിജെപി സർക്കാരിനായില്ല. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവെന്ന അവകാശ വാദത്തെ പൊളിക്കുന്നതാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ കാഴ്ചകൾ. വിശപ്പും ദാരിദ്ര്യവും വിട്ടൊഴിയാത്തവർ. വൈദ്യുതിയും കിടപ്പാടവും ഇല്ലാത്ത ഗ്രാമങ്ങളിൽ അടുക്കളയും കാലിയാണ്.


പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ് ശിശുമരണനിരക്ക് എന്നിവയാണ് ആഗോള പട്ടിണിസൂചികയുടെ മാനദണ്ഡങ്ങൾ. ഒടുവിലത്തെ കണക്കിൽ 28.7 ആണ് ഇന്ത്യയുടെ പോയിന്റ്. ഇതോടെ സൂചികയിൽ ഗുരുതര വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. 2015 ൽ 29.2 ആയിരുന്നതിൽ നിന്ന് 0.5 പോയിന്റുകളുടെ പുരോഗതിയാണ് ഇക്കാലയളവിൽ നേടിയത്.

