KOYILANDY DIARY.COM

The Perfect News Portal

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തെ അതിജീവിക്കാനുള്ള മാർഗമാണ്‌ വായനയും കലയും; മല്ലികാ സാരാഭായി

കോഴിക്കോട്‌: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തെ അതിജീവിക്കാനുള്ള മാർഗമാണ്‌ വായനയും കലയുമെന്ന്‌ കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. മല്ലികാ സാരാഭായി പറഞ്ഞു. സൽകൃതി എഡ്യുക്കേഷണൽ ആൻഡ്‌‌ കൾച്ചറൽ ട്രസ്‌റ്റ്‌ ആഭിമുഖ്യത്തിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ ‘അനുഭവ ചരിത്രം’ പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അവർ. 

നാം കടന്നുപോകുന്നത്‌ അങ്ങേയറ്റം മോശമായ കാലത്തിലൂടെയാണ്‌. ഭയവും വെറുപ്പുംമൂലം അരക്ഷിതമാകുന്ന സാഹചര്യത്തിൽ ആശ്വാസവും അഭയവും ഊർജവുമാവാൻ വായനയും നൃത്തവും സംഗീതാസ്വാദനവുമാണുള്ളത്‌. അതിലൂടെ വ്യക്തികൾക്ക്‌ കിട്ടുന്ന തെളിച്ചം സമൂഹത്തിലേക്കും പരക്കും. സാഹിത്യ നഗരമായ കോഴിക്കോടിനും കേരളത്തിനും മഹത്തായ പാരമ്പര്യമുണ്ട്‌. അത്‌ രാജ്യത്തിനാകെ വെളിച്ചം നൽകുന്നതാണെന്നും അവർ പറഞ്ഞു. മേയർ ഡോ. ബീനാ ഫിലിപ്പ്‌ പുസ്‌തകം ഏറ്റുവാങ്ങി. 

 

 പ്രൊഫ. പി പത്മനാഭൻ, ഡോ. ആർ ശൈലേന്ദ്ര വർമ, പ്രൊഫ. കെ മാധവൻ നായർ, ഡോ. എം എൻ കാരശ്ശേരി, ഗുരുവായൂരപ്പൻ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ബി രജനി, വിനോദ്‌ കോവൂർ എന്നിവർ സംസാരിച്ചു. ഡോ. സി രാജേന്ദ്രൻ പുസ്‌തക പരിചയം നടത്തി.

Advertisements

 

പ്രൊഫ. സി വി ഉണ്ണി സ്വാഗതവും പ്രൊഫ. ഡി ഡി നമ്പൂതിരി നന്ദിയും പറഞ്ഞു. നൂറാം പിറന്നാൾ ആഘോഷിച്ച സാമൂതിരി കെ സി ഉണ്ണി അനുജൻ രാജയ്‌ക്ക്‌ വേണ്ടി മരുമകൻ അഡ്വ. ഗോവിന്ദ്‌ ചന്ദ്രശേഖർ ആദരമേറ്റ്‌ വാങ്ങി. ഗുരുവായൂരപ്പൻ കോളേജിന്റെ തുടക്കം മുതലുള്ള ചരിത്രവും സംഭവങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്‌ ‘അനുഭവ ചരിത്രം’. 

Share news