ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങി

ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങി. പുഷ്പകണ്ടം നാലുമലയിൽ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങൾ കുടുങ്ങിയതായാണ് വിവരം. കർണാടകയിൽ നിന്നും ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്.

ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തിൻറെ വാഹനങ്ങൾ വൈകിട്ട് പെയ്ത മഴയിലാണ് കുടുങ്ങിയത്. ചില വാഹനങ്ങൾ കയർ കെട്ടി നിർത്തിയ നിലയിലാണ്. സഹായം അഭ്യർത്ഥിച്ച് എത്തിയ വിനോദ സഞ്ചാരികളെ രാത്രി നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കൽമേട് ലേക്ക് മാറ്റിയത്. 40 അംഗ സംഘമാണ് ട്രക്കിങ്ങിന് എത്തിയത്. ഇരുവശങ്ങളും ചങ്കുത്തായ മലയിലൂടെ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ച് കയറിയത്.

മഴ പെയ്തതോടെ വാഹനം തിരിച്ചറക്കുവാൻ ആകാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് വാഹനം ഉപേക്ഷിച്ച് താഴ്വാരത്തേക്ക് പോരുകയായിരുന്നു. താർ വാഹനങ്ങളാണ് ഇവർ ഉപയോഗിച്ചത്. മോട്ടോർ വാഹന വകുപ്പ് അധികൃതരും പോലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റവന്യൂ ഭൂമിയിലൂടെയാണ് അനധികൃത ട്രക്കിംഗ് നടത്തിയത്.

