കേരള ബാങ്കിന്റെ പ്രവർത്തന ലാഭം റെക്കോഡിൽ; മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: കേരള ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടിയായി ഉയർന്നെന്ന് മന്ത്രി വി എൻ വാസവൻ. രൂപീകരണത്തിന് ശേഷമുള്ള റെക്കോഡാണിതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഏകീകൃത ബാങ്കിങ് സോഫ്റ്റ്വെയർ നടപ്പാക്കിയതോടെ എല്ലാവിധ ഓൺലൈൻ ബാങ്കിങ് സേവനങ്ങളും ലഭ്യമാണ്. പ്രാഥമിക സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ റേറ്റിങ് ആണ് നബാർഡ് പുറത്തുവിട്ടത്. ഇത് കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒഴിവുകൾ നികത്തുന്നടക്കം പുരോഗമിക്കുകയാണ്. 2023–-24 സാമ്പത്തിക വർഷം നടത്തിയ നിക്ഷേപ സമാഹാരത്തിലൂടെ 1208 കോടി ലഭ്യമായി. 105 കാർഷിക സംഘങ്ങൾക്ക് 201 കോടി കാർഷിക വായ്പയായി നൽകി. 12 ടൺ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തു.

മലപ്പുറം ജില്ലാ ബാങ്ക് സമയോചിതമായി കേരള ബാങ്കിൽ ലയിക്കാതിരുന്നതാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. ലയനശേഷം ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചു. കേരള ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിലവിൽ നൽകിവരുന്ന 48 ഇനം വായ്പകൾക്ക് പുറമെ പുതിയ വായ്പാ പദ്ധതികൾ നടപ്പാക്കും.

സഹകരണ സംഘങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം മൾട്ടി സൊസൈറ്റികൾക്കും നിധികൾക്കും പ്രവർത്തനാനുമതി നൽകിയത്. ഇതിനെതിരെ സഹകാരികളെ സംഘടിപ്പിച്ച് കേരളം പ്രതിരോധമുയർത്തി. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

