KOYILANDY DIARY.COM

The Perfect News Portal

മഞ്ഞപ്പൊട്ടുവാലൻ: കേരളത്തിൽനിന്നും പുതിയ ഇനം പാമ്പിനെ കണ്ടെത്തി

തൃശൂർ ലോക പാമ്പ് ഭൂപടത്തിലേക്ക് കേരളത്തിൽനിന്നും പുതിയ ഇനം. ഷീൽഡ് ടെയിൽ എന്ന കുടുംബത്തിൽപ്പെട്ട മഞ്ഞപ്പൊട്ടുവാലൻ എന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ മൂന്നാർ, തമിഴ്‌നാട്ടിലെ മേഘമല എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. ന്യൂസിലാൻഡ് ആസ്ഥാനമായുള്ള മഗ്നോളിയ പ്രസ്സിൻ്റെ സൂട്ടാക്‌ എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനമായി യൂറോപെൽട്ടിസ് കോഡോമാക്കുലേറ്റാ എന്നാണ് ശാസ്ത്രനാമം. ഇതോടെ ലോകത്തിൽ 4109 ഇനവും ഇന്ത്യയിൽ 349 ഇനവും കേരളത്തിൽ 128 ഇനവും പാമ്പുകളായി.
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഗോർ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗത്തിൽ നാഷണൽ പോസ്റ്റ് ഡോക്‌ടറൽ ഫെലോ ആയ ഡോ. സന്ദീപ് ദാസ്, ന്യൂ കാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. വി ദീപക്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ജേസൺ ജെറാർഡ്, അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോണ്മെന്റ്റ് ബംഗളൂരുവിലെ ഗവേഷകൻ സൂര്യനാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് പുതിയ പാമ്പിനെ കണ്ടെത്തിയത്.
യൂറോപെൽട്ടിസ് കോഡോമാക്കുലേറ്റാ ഇനത്തിൽ 28-ാമത്തെ ഇനമാണിത് വിഷമില്ലാത്ത ഈ പാമ്പ് മണ്ണിനടിയിലാണ് ജീവിക്കുക. വിലരിൻ്റെ വണ്ണവും 36 സെൻ്റീമീറ്റർ നീളവുമാണ്. വാലിന്റെ അറ്റത്ത് മഞ്ഞപ്പൊട്ടുണ്ട്. അതിനാലാണ് മഞ്ഞപ്പൊട്ടുവാലൻ എന്ന പേര് നൽകിയതെന്ന് ഡോ. സന്ദീപ് ദാസ് പറഞ്ഞു.
മേഘമലയിൽ വണ്ടി കയറി ചത്ത നിലയിൽ ഈ പാമ്പിനെ കണ്ടെത്തിയിരുന്നു. കേരള വനം വകുപ്പ് 4 നിർദേശപ്രകാരം നടത്തിയ ഉദയ ഉരഗ ജീവികളുടെ സർവേയിൽ പെരിയാറിലും ഈ ഇനത്തെ കണ്ടിരുന്നു. എന്നാൽ ശേഖരിക്കാൻ അനുമതിയുണ്ടായില്ല. പിന്നീട് മൂന്നാറിൽനിന്നും കണ്ടെത്തി. രൂപസാദ്യശ്യ പഠനത്തിലും തുടർപഠനത്തിലും പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.
Share news