എസ്.ബി.ഐ.യും യൂണിയൻ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു

മുംബൈ > സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കും വായ്പയുടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു. എസ്ബിഐ 0.9 ശതമാനവും യൂണിയന്‍ ബാങ്ക് 0.65 ശതമാനംമുതല്‍ 0.9 ശതമാനംവരെയുമാണ് കുറച്ചത്. ഒരുവര്‍ഷത്തേക്കാണ് പലിശനിരക്കുകള്‍ കുറച്ചത്. 8.9 ശതമാനമായിരുന്ന എസ്ബിഐയുടെ വായ്പാ പലിശനിരക്ക് എട്ട് ശതമാനമായി കുറച്ചു. ഒരുമാസം, മൂന്നുമാസം, ആറുമാസം കാലാവധിയുള്ള വായ്പകളുടെ പലിശയും 0.9 ശതമാനം കുറച്ചു. മൂന്ന് വര്‍ഷത്തില്‍ അധികമുള്ള വായ്പകളുടെ പലിശനിരക്ക് 9.05 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും. പുതിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.
വായ്പാ പലിശനിരക്ക് നിശ്ചയിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബെയ്സ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) നിരക്കുകളും കുറയും. 8.65 ശതമാനത്തില്‍നിന്ന് 7.75 ശതമാനമായി . എംസിഎല്‍ആര്‍ നിരക്ക് 0.9 ശതമാനം കുറച്ചതോടെ നിരക്ക് രണ്ടുവര്‍ഷത്തേക്ക് 8.10 ശതമാനമായും മൂന്നുവര്‍ഷത്തേയ്ക്ക് 8.15 ശതമാനമായും കുറയും.

എസ്ബിഐയില്‍നിന്ന് ഭവനവായ്പ എടുത്തവര്‍ ഇനിമുതല്‍ എട്ട് ശതമാനം പലിശ നല്‍കിയാല്‍ മതി. വാഹനവായ്പയുടെ പലിശനിരക്കും ആനുപാതികമായി കുറയ്ക്കും. നോട്ട് അസാധുവാക്കിയശേഷം ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. നിക്ഷേപം 15 ശതമാനത്തിലധികം വര്‍ധിച്ചെന്നാണ് കണക്ക്. ബാങ്കുകളില്‍ എത്തിയ പണം തിരികെ ജനങ്ങളില്‍ എത്തിക്കാനാണ് ഭവനവാഹന പലിശനിരക്കുകള്‍ കുറയ്ക്കല്‍. നോട്ട് അസാധുവാക്കലിന് ശേഷം 14.9 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്.

പലിശനിരക്കുകളില്‍ 0.6 ശതമാനം വരെ കുറവ് വരുത്തുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐയും കഴിഞ്ഞ ദിവസം പലിശനിരക്ക് കുറച്ചു. വരുംദിവസങ്ങളിലും കൂടുതല്‍ ബാങ്കുകള്‍ വായ്പാനിരക്ക് കുറച്ചേക്കും. 2008ല്‍ സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ബാങ്കുകള്‍ പലിശനിരക്ക് കുത്തനെ കുറച്ചിരുന്നു. ഇതിന് ശേഷം ഇത്തരമൊരു നടപടി ഇന്ത്യയില്‍ ആദ്യം.

