കൊയിലാണ്ടി – കാപ്പാട് ഹാർബർ റോഡ് പുനർനിർമ്മിക്കാനായി എസ്ററിമേറ്റ് തയ്യാറാക്കുന്നു

കൊയിലാണ്ടി: തകർന്ന കൊയിലാണ്ടി – കാപ്പാട് ഹാർബർ റോഡ് പുനർനിർമ്മിക്കാനായി എസ്ററിമേറ്റ് തയ്യാറാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ മേജർ ഇറിഗേഷൻ, ഹാർബർ എഞ്ചിനിയറിംഗ് എന്നീ വകുപ്പുകളിലെ എഞ്ചിനിയർമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

എം.എൽ.എ.യുടെ സബ്ബ്മിഷന് മറുപടിയായി നിയമസഭയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിൻ 6 കോടി രൂപ കടൽഭിത്തി പുനർ നിർമ്മിക്കുന്നതിനായി അനുവദിച്ചതായി അറിയിച്ചിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ ഏജൻസിയായ എൻസിസിആർ ദിവസങ്ങളോളം എടുത്ത് നടത്തിയ സർവ്വെയുടെ തീരുമാനമനുസരിച്ച് ചെല്ലാനം മാതൃകയിൽ 76 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി കാപ്പാട് തീരദേശത്ത് ആരംഭിക്കുന്നതിന് സാവകാശം വേണമെന്ന് അറിയിച്ചിരുന്നു.


എന്നാൽ നിരവധി പേർ ആശ്രയിക്കുന്ന തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിൻ്റെ ഭാഗമായാണ് റോഡിൻ്റെ എസ്റ്റിമേറ്റ് എടുക്കുന്നതും ഭിത്തി നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതും. റോഡിൻ്റെ എസ്റ്റിമേറ്റിന് അനുസരിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഫിഷറിസ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. തുടർന്നാണ് ഇന്ന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ സ്ഥലം സന്ദർശിച്ചത്.


കൂടാതെ കടലാക്രമണം തടയുന്നതിനുള്ള അഭിയന്തിര നടപടി എന്ന നിലയ്ക്ക് ഇറിഗേഷൻ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ വർക്ക് ടെണ്ടറായിട്ടുണ്ട്. മേജർ ഇറിഗേഷൻ എക്സി. എഞ്ചിനിയർ ശാലു സുധാകരൻ, അസി. എക്സി. എഞ്ചിനിയർ ഫൈസൽ, ഹാർബർ എഞ്ചിനിയറിംഗ് അസി. എക്സി. എഞ്ചിനിയർ രാകേഷ്, എ ഇ ഷീന ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

