പോക്സോ കേസിൽ അറസ്റ്റിലായ കെസിഎ കോച്ച് മനുവിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പോക്സോ കേസിൽ അറസ്റ്റിലായ കെസിഎ കോച്ച് മനുവിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. വിശദീകരണം ആവശ്യപ്പെട്ട് കെസിഎ ക്ക് നോട്ടീസ് അയച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് കോച്ച് മനുവിനെതിരെയുള്ള പീഡന പരമ്പരകൾ പുറത്തുവന്നത്. പരിശീലനത്തിനിടെ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

6 കുട്ടികൾ നൽകിയ പരാതിയിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. 10 ദിവസത്തിനകം വിശദീകരണം നല്കാനും കെസിഎ ക്ക് നിർദേശം നൽകി. അതേസമയം, മനുവിനെതിരെ മുമ്പും പീഡനപരാതി ലഭിച്ചിരുന്നുവെങ്കിലും കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് തുടരാൻ അനുവദിച്ചതെന്നായിരുന്നു കെസിഎയുടെയും തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെയും വിശദീകരണം.

ശേഷം വനിതാ പ്രതിനിധ്യം ഉറപ്പാക്കിയാണ് പെൺകുട്ടികൾക്ക് പരിശീലനം നൽകിയതെന്നും അസോസിയേഷൻ സെക്രട്ടറി പറഞ്ഞു. എന്നാൽ പരാതി ഉയർന്നിട്ടും പിങ്ക് ടൂർണമെന്റിൽ ഇയാളെ കെ സി എ ഉൾപ്പെടുത്തി. ഇക്കാര്യത്തിൽ ഉൾപ്പെടെ കെസിഎ വിശദീകരണം നൽകണമെന്നാണ് നിലവിൽ ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അസോസിയേഷന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കമ്മീഷൻ അറിയിച്ചു.

