KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ഡോർ തുറന്ന് പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ഗുരുതര പരുക്കേറ്റു. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയെന്ന് പരാതി. നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ബസ് സമീപത്ത് തടഞ്ഞിട്ടു. സന്ദീപിന്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.

രാവിലെ എട്ടരയോടെയാണ് സംഭവം. കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്കൂളിൽ പോകാനാണ് ബസ് കയറിയത്. അന്തിയൂർക്കോണം പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്. വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് RAC 387 എന്ന നമ്പരുള്ള ബസ് സമീപത്ത് തടഞ്ഞിടുകയായിരുന്നു.

 

സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. സന്ദീപിന്റെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്. ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ അനുവദിച്ചത്. മഴക്കാലമായതോടെ പൊട്ടൻകാവ് ക്ഷേത്രം മുതൽ മലയിൻകീഴ് വരെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴികളിൽ ചാടിയുള്ള അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Advertisements

 

Share news