രാഹുൽ മാങ്കൂട്ടം പങ്കെടുത്ത യൂത്ത് കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്

മാനന്തവാടി: രാഹുൽ മാങ്കൂട്ടം പങ്കെടുത്ത യൂത്ത് കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്. വയനാട്ടിൽ നാലാംമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടത്തിയ മാനന്തവാടി മണ്ഡലം ലീഡേഴ്‌സ് മീറ്റിനിടെയായിരുന്നു സംഘർഷം. രാഹുൽ മാങ്കൂട്ടം പ്രസംഗിക്കാൻ തുടങ്ങുന്നതിന് മുന്നേ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുകയും ചെയ്തു.

നേതാക്കൾ ഇടപെട്ടെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടർന്ന് ഒരു വിഭാഗം ലീഡേഴ്‌സ് മീറ്റ് ബഹിഷ്‌കരിച്ചതോടെ യോഗം നിർത്തിവെച്ചു. യോഗം അവസാനിച്ചതിന് ശേഷവും നേതാക്കൾ പോർവിളികളുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം മുൻ പ്രസിഡന്റിനെ നിലവിലെ ജില്ലാ ഭാരവാഹി ഫോണിൽ അസഭ്യം പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടുകയും രണ്ട് പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. മാനന്തവാടി മണ്ഡലം സെക്രട്ടറി ഷിനു ജോൺ, എടവക മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ് ജീസസ് എന്നിവരെ ഭാരവാഹിത്വത്തിൽ നിന്നും നീക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അറിയിച്ചു. യോഗത്തിൽ സംഘർഷം നടന്നുവെന്ന പ്രചാരണം തെറ്റാണെന്നും നേതൃത്വം അറിയിച്ചു.

