അമീബിക് മസ്തിഷ്ക ജ്വരം; ചികിൽസയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. ചികിത്സയിലായിരുന്ന ഫറോക് കോളജ് സ്വദേശി മൃതുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഈ രോഗത്തിന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയില്ല.

