മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് പുതിയ അണക്കെട്ട്; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് പുതിയ അണക്കെട്ട് നിർമിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ,- അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിലാണ് പ്രളയ പ്രതിരോധ ഡാം നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. മൂന്നെണ്ണത്തിന്റെ നിർമാണത്തിന്റെ പഠനം പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ ശ്രമിക്കുന്നത്.

പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. ‘തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും’ എന്നതാണ് നമ്മുടെ നയം. കാവേരി ട്രിബ്യൂണൽ ഉത്തരവു പ്രകാരം പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതിയിലായി മൂന്നു ഡാമിനുവേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്.

ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നിവയുടെ പഠനമാണ് നടത്തിയത്. കാവേരി നദീ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം അട്ടപ്പാടി- ചിറ്റൂരിൽ ശിരുവാണി പുഴയ്‌ക്കു കുറുകെ ഡാം നിർമിക്കുന്നതിനുള്ള പഠനവും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ പദ്ധതിരേഖ കേന്ദ്ര ജലകമീഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

