KOYILANDY DIARY.COM

The Perfect News Portal

പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് ഇനി പാലക്കാടും ലഭിക്കും

പാലക്കാട്: പാമ്പ്‌ വിഷബാധയ്ക്കുള്ള (ആന്‍റി വെനം) മരുന്ന് ഇനി പാലക്കാടും ലഭിക്കും. നിലവില്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, കിംങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഇത് ആദ്യമായിട്ടാണ് ഒരു ജില്ലയ്ക്കുവേണ്ടി ആന്‍റിവെനം നിര്‍മ്മിക്കുന്നത്. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാന്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ആന്‍റിവെനം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലുള്ള ആന്‍റിവെനം പ്രധാനമായും തമിഴ്നാട്ടിലുള്ള ഇരുള ഗ്രാമത്തില്‍ നിന്നുള്ള അണലിയില്‍ നിന്നാണ് ഉണ്ടാകുന്നത്.

അണലിയുടെ വിഷത്തില്‍ പ്രാദേശികമായ വ്യതിയാനങ്ങള്‍ ഉള്ളതുകൊണ്ട് പലപ്പോഴും പാലക്കാട് ജില്ലയിലെ രോഗികള്‍ക്ക് ഇതു 100 ശതമാനം ഗുണപ്രദമാകില്ല. 70 ശതമാനം രോഗികളെ മാത്രമേ രക്ഷിക്കാനാവു. 30 ശതമാനം രോഗികള്‍ക്ക് എത്ര വിദഗ്ധ ചികിത്സ നല്‍കിയാലും രക്ഷപ്പെടുത്താനാകില്ല. ഇതിനുള്ള പരിഹാരം കൂടിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.

Advertisements

അണലിയുടെ കടിയേറ്റ് കൂടുതല്‍ പേര്‍ എത്തുന്ന കോട്ടായി, വടവന്നൂര്‍, നെന്മറ, കയറാടി, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അണലിയുടെ വിഷമാണ് ആന്‍റിവെനം നിര്‍മ്മിക്കാനായി ഉപയോഗിക്കുക. അണലിയുടെ വിഷം എടുക്കുന്നതിനായുള്ള ലൈസന്‍സ് കിട്ടിയെന്നും ഡോ. ജോബി പോള്‍ അറിയിച്ചു.

ആന്‍റി വെനത്തിന്‍റെ നിര്‍മാണം

പാമ്പിന്‍റെ വിഷം ചെറിയ അളവില്‍ കുറെക്കാലം തുടര്‍ച്ചയായി കുതിരയില്‍ കുത്തിവെയ്ക്കും. ദിവസങ്ങള്‍ കഴിയും തോറും വിഷത്തിന്‍റെ അളവ് ക്രമമായി വര്‍ധിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കുത്തിവെയ്ക്കുന്നതിനാല്‍ കുതിരയുടെ ശരിരത്തില്‍ പാന്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി നിര്‍മിക്കപ്പെടുന്നു. അവസാനം ഒരു ബൂസ്റ്റര്‍ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുന്പോള്‍ കുതിരയുടെ രക്തം ശേഖരിച്ച്‌ അതില്‍ നിന്ന് പ്രതിവിഷം അടങ്ങിയ സിറം വേര്‍തിരിക്കുന്നു. ഈ സിറമാണ് ആന്‍റിവെനം.

Share news

Leave a Reply

Your email address will not be published. Required fields are marked *