KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഈ വർഷം പുതുതായി10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവർത്തന റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു. ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. 2014 ഡിസംബറിലാണ് യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തുടക്കമിട്ടത്. നവകേരള കർമ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളിൽ ഒന്നാണ് ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തുക എന്നത്.

 

മാതൃശിശു മരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാൽ ജീവിതശൈലീ രോഗങ്ങൾ ഒരു വെല്ലുവിളിയായി നിൽക്കുന്നു. ഈ വെല്ലുവിളികളെ പ്രതിരോധിച്ച് സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുക എന്നതിൽ യോഗയ്ക്ക് സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി യോഗ അഭ്യസിപ്പിക്കുക എന്ന ഉദ്യമമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

 

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ ജീവൻ ബാബു, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത് ബാബു, ഐഎസ്എം ഡയറക്ടർ ഡോ. കെ എസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടർ ഇൻചാർജ് ഡോ. ബീന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പിസിഒ ഡോ. ടി കെ വിജയൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ, ഡോ. സജി എന്നിവർ പങ്കെടുത്തു. നിലവിലെ യോഗ ക്ലബ്ബുകളിലുള്ള അംഗങ്ങൾ പങ്കെടുത്ത മാസ് യോഗാ ഡെമോൺസ്‌ട്രേഷനും സംഘടിപ്പിച്ചു.

Share news