KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമപദ്ധതിയുമായി മുന്നോട്ടു പോകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്തകൊല്ലം കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമപദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലോക ബാലവേല വിരുദ്ധ ദിനത്തിൽ തൊഴിൽ വകുപ്പിന്റെ ബാലവേല വിമുക്തമാക്കുന്നതിനുള്ള കർമപദ്ധതി പ്രഖ്യാപനത്തിന്റെയും ബാലവേലവിരുദ്ധ ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. 

വിവിധ തൊഴിൽ മേഖലകളിലെ പരിശോധനകളിലൂടെ സംസ്ഥാനത്തുടനീളം ബാലവേല ഉന്മൂലനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തൊഴിൽ വകുപ്പ് നടത്തും. സമ്പൂർണ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക എന്ന നേട്ടത്തിൻ്റെ വക്കിലാണ് കേരളം. ഈ ലക്ഷ്യത്തിന് വിവിധ വകുപ്പുകളുടെ ഏകോപിതമായ പരിശ്രമം, തൊഴിൽ- തൊഴിലുടമ സംഘടനകൾ, എൻജിഒകൾ എന്നിവയുടെ സഹകരണം, പൊതുജനങ്ങളുടെ സജീവമായ ഇടപെടൽ എന്നിവ ആവശ്യമാണ്.

 

ബാലവേല തടയുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലാണ് സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാലവേലയുടെ കേസുകൾ കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും സമൂഹത്തെ സജ്ജരാക്കുന്നതിലൂടെയും ശരിയായ പുനരധിവാസം ഉറപ്പാക്കുന്നതിലൂടെയും കുട്ടികൾക്ക് സുരക്ഷിതവും ശോഭനവുമായ ഭാവി സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisements

 

അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി. ബാലവേല സ്റ്റിക്കർ പ്രകാശനം ലേബർ സെക്രട്ടറി ഡോ. വാസുകി നിർവഹിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ അഡീഷണൽ ലേബർ കമീഷണർ  ശ്രീലാൽ കെ ചൊല്ലിക്കൊടുത്തു. ലേബർ കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡീഷണൽ ലേബർ കമീഷണർ കെ എം സുനിൽ നന്ദി പറഞ്ഞു.

Share news