KOYILANDY DIARY.COM

The Perfect News Portal

സിപിഐയും കേരള കോൺഗ്രസ് എമ്മും രാജ്യസഭയിലേക്ക് മത്സരിക്കും

തിരുവനന്തപുരം: രാജ്യസഭയിൽ ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽഡിഎഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. സിപിഐ എമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമെങ്കിലും മുന്നണിയുടെ പ്രസക്തി ഉയർത്തിപ്പിടിച്ച് കൊണ്ട് സിപിഐ എം സീറ്റ് ആവശ്യപ്പെട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

രാജ്യസഭയിലും ലോക്‌സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് എത്തിയത്. ഇവ ഇല്ലാതാവുന്ന സാഹചര്യം ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണി ഉന്നയിച്ചിരുന്നു. 2000-ത്തിൽ ഘടകകക്ഷിയായ ആർഎസ്പിക്ക് ഇതുപോലെ രാജ്യസഭാസീറ്റ് നൽകിയിരുന്നു. അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയിൽ ഒരുകക്ഷിക്ക് ‘ബ്ലോക്ക്’ ആയി നിൽക്കാനുള്ള പരിഗണന ലഭിക്കൂ.

ജൂലൈ ഒന്നിന് മൂന്ന് രാജ്യസഭ സീറ്റുകളാണ് ഒഴിയുന്നത്. സിപിഐ എമ്മിന്റെ എളമരം കരീമും സിപിഐയുടെ ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസിന്‍റെ ജോസ് കെമാണിയുമാണ് നിലവിൽ രാജ്യസഭയിൽ ഇടതുപക്ഷ എംപിമാർ.

Advertisements
Share news