സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചു; മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. അപേക്ഷ ലഭിച്ച അന്നേദിവസം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, ഇത്തരം കാര്യങ്ങള്‍ എവിടെ നടന്നാലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് പൊലീസും സര്‍ക്കാരും സ്വീകരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തി 3 പേരെ സസ്‌പെന്‍ഡ് ചെയ്തു. വിശദീകരണത്തിനുശേഷം അവരെ തിരിച്ചെടുത്തു. റാഗിങ്ങിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

സിദ്ധാര്‍ത്ഥന് നേരെ റാഗിങ് നടന്നുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. അമ്മയുടെ ആവശ്യപ്രകാരം കേസ് ഉടന്‍ സിബിഐക്ക് കൈമാറി. കുടുംബം ആവശ്യപ്പെട്ടപ്പോള്‍ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം കാര്യങ്ങള്‍ എവിടെ നടന്നാലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

