KOYILANDY DIARY.COM

The Perfect News Portal

മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ആദ്യമായാണ് ഒരു നേതാവ് തുടര്‍ച്ചയായി മൂന്നാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 72 മന്ത്രിമാരാണ് മോദിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രപതി ഭവനില്‍ 7.15നാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. 

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000ല്‍ അധികം പേരാണ് പങ്കെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഭരണാധികാരികള്‍ക്കും മറ്റ് അതിഥികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഒപ്പം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ 250 പേര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയ പ്രമുഖര്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

Advertisements

ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ചടങ്ങില്‍ പങ്കെടുത്തു.

Share news