റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

ചലച്ചിത്ര – മാധ്യമ മേഖലകളിലെ അതികായരിൽ ഒരാളായ റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഏറ്റെടുത്ത എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച റാമോജി റാവുവിൻ്റെ ഔത്സുക്യവും ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഏവർക്കും മാതൃകയും പ്രചോദനവും ആണ്. പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ വളർച്ചയിൽ അനുപമമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

ചലച്ചിത്ര മേഖലയുടെ വളർച്ചയിൽ നൽകിയ സംഭാവനകളും പ്രധാനപ്പെട്ടതാണ്. കേരളത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം ഒപ്പം നിന്നിരുന്നു. പ്രളയാനന്തരം കേരളത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. റാമോജി റാവുവിൻ്റെ വേർപാട് രാജ്യത്തിൻ്റെയാകെ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

