ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചു
 
        കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചു. കുറുവങ്ങാട് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അദ്ധ്യക്ഷനായി. എല്ലാവരുടെയും വീടുകളിൽ ഒരു ഫലവൃക്ഷമോ, ഔഷധച്ചെടിയോ നടുവാൻ പദ്ധതി ലക്ഷ്യമിടുന്നു. ഒപ്പം നഗരസഭ പരിധിയിലെ മുഴുവൻ അയൽക്കൂട്ടങ്ങളും തങ്ങളുടെതായ നേതൃത്വത്തിൽ ഒരു പൊതു ഇടത്തിൽ ഒരു വൃക്ഷത്തൈ നടുന്നതിനും പദ്ധതി രൂപം കൊടുത്തിട്ടുണ്ട്.

മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ വിശദീകരണം നടത്തി. വി. ആർ. രചന , അങ്കണവാടി വർക്കർ ഷീല എന്നിവർ സംസാരിച്ചു. സൗത്ത് സി ഡി എസ് വൈസ് ചെയർ പേഴ്സൺ സുധിന സ്വാഗതവും എഡിഎസ് ചെയർ പേഴ്സൺ തങ്ക നന്ദിയും പറഞ്ഞു.



 
                        

 
                 
                