നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്.

തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. 2017 മുതൽ ഏഴ് വർഷമായി ജയിലിൽ കഴിയുകയാണ് പൾസർ സുനി. പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽതന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16-ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്.
