പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മുളവനം സൃഷ്ടിക്കുന്ന പദ്ധതി ആരംഭിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മുളവനം സൃഷ്ടിക്കുന്ന പദ്ധതി ആരംഭിച്ചു. ഹരിത കേരളം മിഷന്റെയും, എസ്സ് എ ആർ ബി ടി എം ഗവ. കോളേജ് മുചുകുന്നിലെ NSS യൂണിറ്റിന്റെയും, കുടുബശ്രീയുടെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈറ്റ് ഹൗസ്, കെൽട്രോൺ, കടലൂർ സ്കൂൾ, എസ്സ് എ ആർ ബി ടി എം ഗവ. കോളജിലും, ഗ്രാമ പഞ്ചായത്തിലെ ഒഴിഞ്ഞു കിടക്കുന്ന പൊതുഭൂമികളിലുമാണ് മുളവനം സൃഷ്ടിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നൈസർഗിക ആവാസവ്യവസ്ഥ കൂടിയേ തീരൂ. പ്രകൃതിയുടെ വന പുനസ്ഥാപനത്തിന് മുളങ്കാടുകൾക്ക് ഏറെ പങ്ക് വഹിക്കാൻ ഉണ്ട്.
വേഗം വളരുന്ന സസ്യം ആയതിനാൽ കാർബൺ ആഗിരണത്തോത് മറ്റു സസ്യങ്ങളെക്കാൾ വളരെ കൂടുതൽ ആണെന്നതാണ് മുളങ്കാടുകളുടെ പരിസ്ഥിതി പ്രാധാന്യം. മണ്ണൊലിപ്പ് തടയുന്നത്തിനും, ജലസംരക്ഷണത്തിനും, മുളങ്കാടുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
