മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. പുതിയ അധ്യയനവർഷത്തിൽ 39.95 ലക്ഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും. ഓരോ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേല്‍ക്കുന്നത്.
കൊച്ചി പുതിയ അധ്യയനവർഷത്തിൽ 39.95 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്. പ്രീ പ്രൈമറിയിൽ 1,34,763, പ്രൈമറിയിൽ 11,59,652, അപ്പർ പ്രൈമറിയിൽ 10,79,019, ഹൈസ്‌കൂളിൽ 12,09,882, ഹയർ സെക്കൻഡറി രണ്ടാംവർഷത്തിലേക്ക് 3,83,515, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷത്തിലേക്ക് 28,113 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. സർക്കാർ മേഖലയിൽ 11,19,380, എയ്ഡഡിൽ 20,30,091, അൺ എയ്‌ഡഡിൽ 2,99,082 കുട്ടികളുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. ക്ലാസുകൾ 24ന് തുടങ്ങും. സംസ്ഥാനത്തെ കാളേജുകളിൽ ഒന്നാംവർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ ഇനിയും കുട്ടികൾ ചേരാനുണ്ട്. അതുകൊണ്ട് ഒന്നുമുതൽ പത്തുവരെയുള്ള ആകെ കുട്ടികളുടെ എണ്ണം രണ്ടാംവാരത്തിലും ഹയർ സെക്കൻഡറി ഉൾപ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം മാസാവസാനവും മാത്രമേ ലഭ്യമാകൂ. ഒന്നാംക്ലാസിൽ ഇതുവരെ 2,44,646 കുട്ടികൾ ചേർന്നു. അധ്യയനവർഷം ആരംഭിക്കുംമുമ്പേ അധ്യാപകർക്ക് നിർമിത ബുദ്ധിയിലടക്കം പരിശീലനം നൽകിയതായി മന്ത്രി പറഞ്ഞു.
അനധികൃത പിടിഎ പിരിവ് അനുവദിക്കില്ല. പട്ടികജാതി–വർഗ വിഭാഗക്കാർ പിടിഎ അംഗത്വഫീസ് നൽകേണ്ടതില്ല. സർക്കാർ സ്‌കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ടിസി ആവശ്യമില്ല. അനധികൃത ഫീസ് പിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അംഗീകാരമുള്ള സ്കൂളുകൾക്കേ പ്രവർത്തിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.