KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു. മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തത്. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കെ എഫ് ജോസഫിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആലപ്പുഴ വാടക്കൽ സ്വദേശിയാണ് ജോസഫ്.
ചങ്ങനാശ്ശേരിയിലെ ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴയിൽ എത്തി ഇയാൾ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടൽ അടിച്ചു തകർത്തത് കഴിഞ്ഞ ദിവസമാണ്. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പൊലീസുദ്യോഗസ്ഥൻ ബൈക്കിന് മുന്നിൽ വടിവാൾ വെക്കുകയും ബൈക്ക് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സ്ഥലത്ത് സൃഷ്ടിച്ചിരുന്നു. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയായിരുന്നു അക്രമസംഭവങ്ങൾ നടത്തിയത്. സംഭവസ്ഥലത്ത് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയിരുന്നു. പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ പറഞ്ഞു.  കെ എഫ് ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Share news