KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ മുഹമ്മദ് ഫാദിലിൻ്റെ (11) മൃതദേഹം പുഴയിൽ കണ്ടെത്തി

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ മുഹമ്മദ് ഫാദിലിൻ്റെ (11) മൃതദേഹം പുഴയിൽ കണ്ടെത്തി. പുല്ലിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണി മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിൻ്റെ മകൻ എ.വി. മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളില്‍പ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സമീപത്തെ ജലാശയങ്ങളില്‍ പരിശോധന നടത്തിയിരുന്നത്.
വയലിലെ വെള്ളക്കെട്ടിലോ, തോട്ടിലോ, ഭിത്തി കെട്ടാത്ത കിണറുകളിലോ വീണതാകുമോ എന്ന ആശങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ നാട്ടുകാരോടൊപ്പം ചേർന്ന് ചേലേമ്പ്ര ഡി.ആർ.എഫ്. ഇവിടെയാകെ പരിശോധന നടത്തിയിരുന്നു. കുറ്റപ്പാല പാറയിൽ റോഡിൻ്റെ അരികിലുള്ള തോടും വയലും കിണറുകളുമാണ് പ്രധാനമായും തിരഞ്ഞിരുന്നത്. ഇന്നലെ രാത്രി 10.30-ഓടെ ഡി.ആർ.എഫ്. തിരച്ചിൽ താല്ക്കാലികമായി നിർത്തിയെങ്കിലും നാട്ടുകാർ 12.30 നും തിരച്ചിൽ തുടർന്നിരുന്നു.
ഇന്നു രാവിലെ 8 മണി മുതൽ ഫയർ ഫോഴ്സും, സ്കൂബാ ഡൈവിങ്ങ് സംഘവും ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് ആദിലിൻ്റെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്. ഫാദിലിന് യാതൊരു പോറലു മേൽക്കാതെ തിരികെ ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയിൽ പ്രാർത്ഥനയോടുകൂടി കഴിയുകയായിരുന്നു കുട്ടിയുടെ കുടുംബം. ഫാദിലിൻ്റെ മരണം കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Share news