താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെയും ദിവസം 1500 നും 2000 ത്തിനും ഇടയിൽ രോഗികൾ ചികിത്സക്കെത്തുമ്പോൾ മെഡിസിൻ വിഭാഗത്തിൽ 30 രോഗികളെ മാത്രമേ പരിശോധിക്കൂ എന്ന ഡോക്ടറുടെ ധിക്കാരപരമായ നിലപാട് തിരുത്തുക. കൃത്യ സമയത്ത് ഒ.പി പ്രവർത്തനം ആരംഭിക്കുക, ഡ്യൂട്ടിസമയത്ത് ഡോക്ടർമാർ സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്ത് പോവുന്നത് തടയുക, ചെറിയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ മറ്റ് ഹോസ്പിറ്റലിലേക്ക് റഫറർ ചെയ്യുന്നത് അവസാനിപ്പിക്കുക,

സർക്കാർ ആംബുലൻസ് ഉണ്ടായിട്ടും സ്വകാര്യ ആംബുലൻസുകളെ രോഗികൾക്കായി ഏർപ്പാടാക്കുന്നത് നിർത്തുക, രോഗികളെ വലയ്ക്കുന്ന ലാബ് പരിഷ്കാരം തിരുത്തുക, ഫ്രീസർ, മോർച്ചറി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങി ഏറ്റവും പ്രത്യക്ഷമായി രോഗികളെ ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ശക്തമായ പ്രതിഷേധം അറിയിച്ചു. ജനങ്ങൾക്കാകെ ഉപകാരപ്പെടുന്ന വിധം കേരളത്തിലെ സർക്കാരും, ആരോഗ്യവകുപ്പും നടപ്പിലാക്കാൻ നിർദ്ദേശിച്ച നയങ്ങളെയും ശുപാർശകളെയും തള്ളിക്കളത്ത് ഏതാനും ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ച് ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്.


പ്രതിഷേധത്തിന് ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡൻ്റ് കെ കെ സതീഷ്ബാബു, ട്രഷറർ പി.വി അനുഷ, ദിനൂപ് സി.കെ, ടി.കെ പ്രദീപ്, കീർത്തന, നവതേജ് മോഹൻ എന്നിവർ നേതൃത്വം നല്കി. ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലങ്കിൽ പ്രത്യക്ഷ സമരത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി.

