KOYILANDY DIARY.COM

The Perfect News Portal

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ്‌ പ്രതി 21 വർഷത്തിനുശേഷം വീണ്ടും ജയിലിൽ

തിരുവനന്തപുരം: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ്‌ പ്രതി 21 വർഷത്തിനുശേഷം വീണ്ടും ജയിലിൽ. തൊടുപുഴ തൊമ്മൻകുത്ത്‌ സ്വദേശി തങ്കച്ചൻ (60) ആണ്‌ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തി കീഴടങ്ങിയത്‌. 1997ൽ നടന്ന കൊലപാതകത്തിൽ തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി തങ്കച്ചനെ ജീവപര്യന്തം കഠിനതടവിന്‌ ശിക്ഷിച്ചിരുന്നു. 2000 മാർച്ച്‌ ആറുമുതലാണ്‌ ശിക്ഷയാരംഭിച്ചത്‌.

മൂന്ന്‌ വർഷത്തിനുശേഷം 2003 ജൂണിൽ തങ്കച്ചന്‌ മൂന്ന്‌ ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പരോളിലിറങ്ങി മുങ്ങിയ തങ്കച്ചനെ കണ്ടെത്താൻ ജയിലധികൃതർ പൊലീസിന്‌ നിരവധി തവണ കത്ത്‌ നൽകി. അവസാനമായി ഇക്കഴിഞ്ഞ ഏപ്രിലിലും ജയിലധികൃതർ ഇയാളെ കണ്ടെത്താൻ പൊലീസ്‌ സഹായമാവശ്യപ്പെട്ട്‌ കത്ത്‌ നൽകിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച പകൽ രണ്ടരയോടെയാണ്‌ തങ്കച്ചൻ മകളുടെ ഭർത്താവ്‌ ജിൽസ്‌മോനൊപ്പം സെൻട്രൽ ജയിലിലെത്തി കീഴടങ്ങിയത്‌.

 

പരോളിലിറങ്ങി മുങ്ങിയശേഷം വയനാട്ടിലെ തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും ജോലിയെടുത്താണ്‌ ജീവിച്ചതെന്നും ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തങ്കച്ചൻ ജയിലധികൃതരോട്‌ പറഞ്ഞു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പരിശോധനകൾക്ക്‌ ശേഷം തങ്കച്ചനെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ജയിൽ ബ്ലോക്കിലേക്ക്‌ മാറ്റുമെന്ന്‌ സെൻട്രൽ ജയിൽ സൂപ്രണ്ട്‌ സത്യരാജ്‌ പറഞ്ഞു. പരോളിലിറങ്ങി മുങ്ങിയതിനാൽ ബാക്കി ശിക്ഷ ഇളവുകളില്ലാതെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news