പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന് പുനരാരംഭിക്കും. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടപടികൾ തുടരാനാണ് നിർദ്ദേശം. എന്നാൽ പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. സിഐടിയു ഇതര സംഘടനകളാണ് സമരസമിതിയിലുള്ളത്.

കഴിഞ്ഞ ദിവസം ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദേശം.

