KOYILANDY DIARY.COM

The Perfect News Portal

കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കും

തിരുവനന്തപുരം: കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കും. സുധാകരന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് ഹൈക്കമാൻഡ് അനുമതി നൽകിയത്. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കുമെന്ന് പറഞ്ഞതോടെ നിശ്ചയിച്ച വാർത്താസമ്മേളനത്തിൽ നിന്ന് എം എം ഹസൻ പിന്മാറി. സുധാകരൻ ഇടഞ്ഞതിനെത്തുടർന്നാണ് ഹസൻ തന്റെ വാർത്താസമ്മേളനം വേണ്ടെന്നുവെച്ചത്. 

കെപിസിസി പ്രസിഡണ്ട് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാർട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല. അത് ഉടനെ ഏറ്റെടുക്കേണ്ട അത്യാവശ്യമില്ലാത്തത് കൊണ്ടാണ് നീളുന്നത്. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നും സുധാകരൻ പറഞ്ഞു. 

 

തെരഞ്ഞെടുപ്പ്‌വരെ കെപിസിസി അധ്യക്ഷന്റെ ചുമതല താൽക്കാലികമായി എം എം ഹസന്‌ കൈമാറുന്നു എന്ന്‌ കൃത്യമായി എഐസിസി അറിയിപ്പിൽ പറഞ്ഞിരുന്നുവെങ്കിലും ചുമതലയേൽക്കാൻ വന്നപ്പോൾ സുധാകരനെ അകറ്റിനിർത്തുകയാണ്‌ ചെയ്തത്‌. ഫലംവരട്ടെ എന്ന നിർദേശം സുധാകരനെയും ഒപ്പമുള്ളവരെയും വേദനിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന നേതൃയോഗം കഴിഞ്ഞയുടൻ  സുധാകരൻ അറിയാതെ ഹസൻ വാർത്താസമ്മേളനം നടത്തുകയായിരുന്നു. പാർടിയുടെ ഭാവി പരിപാടികളും ഹസൻ പ്രഖ്യാപിച്ചു.

Advertisements

 

തുടർന്നാണ് സുധാകരൻ കടുത്ത പ്രതിഷേധത്തിലായത്. ചുമതല കൈമാറാൻ വൈകിയതോടെ രാവിലെ മാധ്യമങ്ങളെ കണ്ട്‌ പ്രസിഡന്റ് താൻ തന്നെയായിരിക്കുമെന്നുള്ള രീതിയിൽ സംസാരിക്കുകയും ചെയ്തു. ഒടുവിൽ പ്രസിഡന്റ് സ്ഥാനത്തെ  ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു.

Share news