ട്രെയിൻ തട്ടി ആന ചരിഞ്ഞ സംഭവം; ലോക്കോപൈലറ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പാലക്കാട് ട്രെയിൻ തട്ടി ആന ചരിഞ്ഞ സംഭവത്തിൽ ലോക്കോപൈലറ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. റെയിൽവെയുമായി നേരത്തെയും സംസാരിച്ചിരുന്നു. എന്നാൽ ഇന്നലെ അപകടം ഉണ്ടാക്കിയ ട്രെയിൻ വേഗപരിധി പാലിച്ചില്ല. റെയിൽവെയും വനം വകുപ്പും സംയുക്തമായി ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

നിഷ്കർഷിച്ച വേഗത നിയന്ത്രണം പാലിച്ചില്ല. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടം ഉണ്ടാക്കിയത്. അതനുസരിച്ചാണ് ലോക്കോപൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. വന്യജീവികൾ കൊല്ലപ്പെടുന്നത് ഗൗരവമായ പ്രശ്നമായി കാണേണ്ട വിഷയമാണ്. സുഗന്ധഗിരി പ്രശ്നത്തിൽ 18 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാളിച്ചയുണ്ടായാൽ തിരുത്തപ്പെടും. ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

