KOYILANDY DIARY.COM

The Perfect News Portal

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കിയത്.

11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ പ്രതിദിനം 20,000-ലധികം വാഹനങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്, ഇ-പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്.

 

വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു ആര്‍ കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭ്യമാകും. പ്രവേശന കവാടത്തില്‍വെച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷമാകും ഇനി വണ്ടികൾ കടത്തി വിടുക. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാം.

Advertisements
Share news