KOYILANDY DIARY.COM

The Perfect News Portal

കടലിലെ ഉഷ്ണതരം​ഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ നശിക്കുന്നു

കൊച്ചി: കടലിലെ ഉഷ്ണതരം​ഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപുമേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയപങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി. പവിഴപ്പുറ്റിനുണ്ടാകുന്ന നാശം കടലിലെ ആവാസവ്യവസ്ഥയ്‌ക്കും മത്സ്യസമ്പത്തിനും ഭീഷണിയാണ്‌. സമുദ്രതാപനില അസാധാരണമാംവിധം ഉയർന്നുനിൽക്കുന്ന കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരം​ഗം.

അന്തരീക്ഷത്തിലെ അമിത ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരം​ഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. ഷൽട്ടൺ പാദുവ പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണ്‌.    ഉഷ്ണതരംഗങ്ങൾ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. താപസമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ്‌ വീക്ക് (ഡിഎച്ച്ഡബ്ല്യു) സൂചകം ലക്ഷദ്വീപിൽ നാലു ഡി​ഗ്രി സെൽഷ്യസിനുമുകളിലാണ്. താപസമ്മർദം നാലാഴ്‌ച തുടർച്ചയായി ഒരു ഡിഗ്രി സെൽഷ്യസിനുമുകളിൽ വന്നാൽ പവിഴപ്പുറ്റുകൾ നശിക്കും. 

 

പവിഴപ്പുറ്റുകൾ നശിക്കുന്നത്‌ എങ്ങനെ?

Advertisements

അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽ​ഗെകൾ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണം. ഈ ആൽഗെകൾ നശിക്കുന്നതോടെ പവിഴപ്പുറ്റുകൾക്ക്‌ നിറം നഷ്ടമാകുന്നു. പ്രകാശസംശ്ലേഷണത്തിലൂടെ ഭക്ഷണമുണ്ടാക്കിയിരുന്ന ആൽഗെകളുടെ നാശത്തോടെ പവിഴപ്പുറ്റ്‌ പൂർണമായി നശിക്കും. ഡിഎച്ച്ഡബ്ല്യു 12 ഡി​ഗ്രി സെൽഷ്യസിനുമുകളിൽ ഉയർന്നാൽ അത്യസാധാരണമായ ജൈവവൈവിധ്യപ്രതിസന്ധി ഉണ്ടാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. കെ ആർ ശ്രീനാഥ് പറഞ്ഞു. 

 

രാജ്യത്ത്‌ 560 തരം പവിഴപ്പുറ്റുകളുള്ളതിൽ പകുതിയിലധികം ഇനവും ലക്ഷദ്വീപിലുണ്ട്‌. ചെറുമത്സ്യങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ്‌ കടലിലെ പവിഴപ്പുറ്റുകൾ. ഇവയുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധനമേഖലയെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനഭീഷണിയാണ്. കടൽപ്പുല്ലുപോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരം​ഗം ഭീഷണിയാണ്‌. ഈ സാഹചര്യം കടൽ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പും അപകടത്തിലാകും.

Share news