KOYILANDY DIARY.COM

The Perfect News Portal

റോഡില്‍ ബൈക്കുമായി അഭ്യാസം, പോലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
‘ലിക്വി മോളി 390’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിന്റെ റീലുകള്‍ പങ്കുവെച്ചിരുന്നത്. അപകടകരമായരീതിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില്‍ റോഡിലൂടെ ബൈക്കോടിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 
ഇതിനൊപ്പം പോലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതേ വീഡിയോ കേരള പോലീസിനെ ടാഗ് ചെയ്താണ് യുവാവ് വെല്ലുവിളി നടത്തിയത്. സംഭവം വാര്‍ത്തയാവുകയും വീഡിയോ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് പോലീസ് യുവാവിനെ പിടികൂടിയത്.  അമരവിള-നെയ്യാറ്റിന്‍കര റോഡിലാണ് പ്രതി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 
അപകടകരമായരീതിയില്‍ വാഹനമോടിച്ചതിനും ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനുമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
യുവാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും. പ്രതിയുടെ പിടിച്ചെടുത്ത വാഹനം മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് കൈമാറും.
Share news