നിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ഹൃദയ ധമനിക്കുണ്ടായ തകരാറ് മൂലം ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ നടുവത്തൂര്‍ കൊല്ലംകണ്ടി മീത്തല്‍ മധുവിന്റെ ഭാര്യ നിഷ (33)യുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവന്തപുരം ശ്രീചിത്രാ ആശുപത്രിയിലും ചികിത്സയിലായിരുന്ന നിഷയ്ക്ക് 26 വയസ്സുളളപ്പോള്‍ മുതല്‍ രോഗം വന്നിരുന്നു.
ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ സിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഒരു വൃക്കയും ഭാഗികമായി പ്രവര്‍ത്തന രഹിതമാണ്. ചികില്‍സയുടെ ഭാഗമായി രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് 12 ലക്ഷത്തോളം രൂപ ചെലവ് വരും. നിര്‍ധന കുടുംബാംഗമായ ഇവര്‍ക്ക് ഭാരിച്ച ചികില്‍സാ ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ഭര്‍ത്താവ് മധു ചെറിയ തോതില്‍ കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്.

സഹായ കമ്മിറ്റി ഭാരവാഹികളായി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന് നായര്‍ (ചെയര്മാന്), കൊടോളി പ്രേംദേവ് (കണ്‍വീനര്‍), ഇ.എം.മനോജ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ കണ്‍വീനര്‍ കൊടോളി പ്രേംദേവ് , നിഷ ചികില്‍സാ സഹായ സമിതി നടുവത്തൂര്‍ പി.ഒ. കീഴരിയൂര്‍ 673620 (പിന്), എന്ന വിലാസത്തിലോ കൊയിലാണ്ടി കോര്പ്പറേഷന് ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 193600101002905, ഐ.എഫ്.എസ്.സി കോഡ് corp 0001936 എന്ന അക്കൗണ്ട് നമ്പറിലേക്കോ അയക്കണം.

