പാലക്കാടിന് പുറമെ തൃശൂരിലും ഉഷ്ണ തരംഗം; തൃശൂരിൽ 40 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാടിന് പുറമെ തൃശൂരിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.

ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയര്‍ന്ന താപനില 41ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് 39ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ 37 വരെയും, തിരുവനന്തപുരത്ത് ഉയര്‍ന്ന താപനില 36 വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വേനല്‍ മഴ തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

