കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കണ്ണൂർ: ചെറുകുന്ന് പുന്നച്ചേരിയിരിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാസർകോട് ഭീമനടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്‌റ്റ് കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ (52), ഭാര്യ അജിത (33), അജിതയുടെ അച്ഛൻ കൃഷ്‌ണൻ (65), ചെറുമകൻ ആകാശ് (ഒമ്പത്), കാലിച്ചാനടുക്കത്തെ കെ എൻ പത്മകുമാർ (69)എന്നിവരാണ് മരിച്ചത്.

പാപ്പിനിശേരി–-പിലാത്തറ കെഎസ്‌ടിപി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കൾ രാത്രി പത്തോടെയാണ് അപകടം. ചരക്കുലോറിയുടെ പിറകിലിടിച്ച് നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുരുഷന്മാരും സ്‌ത്രീയും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.

