KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂർ വിമാനത്താവള വികസനം; ഏറ്റെടുത്ത ഭൂമിയിലെ വീടുകൾ പൊളിച്ചുതുടങ്ങി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവള വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയിലെ വീടുകൾ പൊളിച്ചുതുടങ്ങി. റെസ വിപുലീകരണത്തിന്റെ മുന്നോടിയായാണ് അതോറിറ്റി ഏറ്റെടുത്ത ഭൂമിയിലെ വീടുകൾ പൊളിക്കുന്നത്. കുമ്മിണിപറമ്പ് ഭാഗത്തെ വീടുകളാണ് പൊളിച്ചുമാറ്റുന്നത്. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 39 വീടുകളാണ് പൊളിച്ചുനീക്കാനുള്ളത്. കഴിഞ്ഞ ദിവസമാണ് പ്രവൃത്തി ആരംഭിച്ചത്.

വിമാനത്താവള വികസനത്തിനായി റെസ വിപുലീകരിക്കണമെന്നത്‌ ഏറെനാളത്തെ ആവശ്യമായിരുന്നു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയതോടെ പ്രവൃത്തി വേഗത്തിലായി. റൺവേയിൽനിന്ന് വിമാനം മുന്നോട്ട് തെന്നിയാൽ പിടിച്ച് നിർത്തുന്ന ചതുപ്പുനിലമാണ് റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ). കരിപ്പൂരിൽ നിലവിൽ 2860 മീറ്റർ റൺവേയാണുള്ളത്. റൺവേ കഴിഞ്ഞാൽ രണ്ട് അറ്റത്തായി 90 മീറ്റർമാത്രം വിസ്തൃതിയാണുള്ളത്. ഇത് ഇരുഭാഗങ്ങളിലും 240 മീറ്റർ വീതം വേണമെന്നാണ് നിർദേശം. ഇതുപ്രകാരം ഇരുഭാഗങ്ങളിലും 150 മീറ്റർ വീതം വർധിപ്പിക്കാനുണ്ട്.

 

പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് ആറു മാസം മുമ്പേ അതോറിറ്റിക്ക് കൈമാറിയിരുന്നു. ടെൻഡർ നടപടിയിൽ വന്ന കാലതാമസമാണ് പ്രവൃത്തി തുടങ്ങാൻ വൈകിപ്പിച്ചത്. ഹരിയാന ആസ്ഥാനമായ ഗവാൻ കമ്പനിക്കാണ്‌ റെസ വിപുലീകരണ പ്രവൃത്തിയുടെ കരാർ. 19 മാസമാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ള സമയപരിധി.

Advertisements

 

Share news