ശബരിമലയിലേക്കുളള തീര്ഥയാത്രയില് നവീനോടൊപ്പം അനുസരണയുള്ള കൂട്ടുകാരനായി നായയും

കൊയിലാണ്ടി: ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ നവീന്‍ മൂകാംബിക ദേവീസന്നിധിയില്‍ നിന്നാണ് ശബരിമലയിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്. ഒറ്റയ്ക്കുള്ള യാത്ര കാസര്‍കോട് എത്തിയപ്പോഴാണ് കൂടെ യാത്രചെയ്യാനായി ഒരു നായയും കൂടിയത്. പിന്നീട് നവീന്റെ കാല്‍പ്പാട് പിന്തുടര്ന്ന് അനുസരണയുള്ള കൂട്ടുകാരനായി നായയും പിന്നാലെ നടന്നു. നവീന്‍ വിശ്രമിക്കുമ്പോള്‍ തൊട്ടടുത്തു ചുരുണ്ടു കൂടി അവനുമുണ്ടാകും. രാത്രി പാതയോരത്തെ ഏതെങ്കിലുമൊരമ്പലത്തില്‍ തലചായ്ക്കുമ്പോള്‍ ചുറ്റിപ്പറ്റി അവനും ഇടം കണ്ടെത്തും. ക്ഷേത്രക്കുളത്തിലിറങ്ങി കുളിക്കുമ്പോഴും ഇരുമുടിക്കെട്ടിനും തോള് സഞ്ചിക്കും കാവാലാളായും നായയുണ്ടാകും.
ബിസ്കറ്റും ബ്രഡ്ഡുമൊക്കെ നവീന്‍ തന്റെ പുതിയ കൂട്ടുകാരനും വാങ്ങിക്കൊടുക്കും. എന്നാല്‍ മാംസാഹാരങ്ങളോട് തീരെ താത്പര്യമില്ലെന്ന് ഇത്രയും ദിവസത്തെ അടുപ്പത്തില്‍നിന്ന് നവീന്‍ മനസ്സിലാക്കി. ചൊവ്വാഴ്ച രാത്രിയോടെ നവീന്‍ കോഴിക്കോട്ടെത്തി. അവിടെ നിന്ന് മൂന്ന് സ്വാമിമാര്‍ കൂടി ശബരിമലയാത്രയില്‍ നവീനോടൊപ്പം കാല്‍നടയായി പോകാന്‍ ചേരുന്നുണ്ട്. ഇവര്‍ക്കൊപ്പം സന്നിധാനം വരെ നായയും ഉണ്ടാകുമെന്നാണ് കരുതുന്നത്. ബേപ്പൂരില്‍ കെ.എസ്.ഇ.ബിയുടെ മീറ്റര്‍ റീഡറായ നവീന്‍ വര്‍ഷങ്ങളായി കൂട്ടുകാരൊടൊപ്പം കാല്‍നടയായാണ് ശബരിമലയിലേക്ക് പോകുക. എല്ലാ വര്‍ഷവും ബേപ്പൂരില്‍ നിന്നാണ് യാത്ര തുടങ്ങുക.

