KOYILANDY DIARY.COM

The Perfect News Portal

ബാബ രാംദേവ് യോഗ ക്യാമ്പുകള്‍ നടത്തിയതിന് സേവന നികുതി അടക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: യോഗ ക്യാമ്പ് നടത്തിയതിൻ്റെ സേവന നികുതി അടയ്ക്കണമെന്ന കേസിൽ ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി.. റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ യോഗ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിൽ സ്ഥാപനത്തിന് സേവന നികുതി നല്‍കേണ്ടിവരുമെന്ന ഹരജി ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവെച്ചു.
ട്രസ്റ്റ് പ്രവർത്തിക്കുന്നത്  യോഗാ ഗുരു രാംദേവിന്റെയും സഹായി ആചാര്യ ബാലകൃഷ്ണയുടെയും കീഴിലാണ്. പ്രവർത്തിക്കുന്ന ട്രസ്റ്റ് വിവിധ റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ ക്യാമ്ബുകളില്‍ യോഗ പരിശീലനം നല്‍കിയിരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരില്‍ നിന്ന് സംഭാവനയായി ഫീസ് ഈടാക്കിയിരുന്നു. ഈ തുക സംഭാവനയായി ശേഖരിച്ചതാണെങ്കിലും സേവനങ്ങള്‍ക്കുള്ള ഫീസ് ആയിരുന്നു. അതിനാല്‍ സേവന നികുതി നല്‍കണമെന്ന് മീററ്റ് റേഞ്ചിലെ കസ്റ്റംസ് ആൻഡ് സെൻട്രല്‍ എക്സൈസ് കമ്മീഷണറാണ് ആവശ്യപ്പെട്ടത്.
2006 ഒക്ടോബർ മുതല്‍ 2011 മാർച്ച്‌ വരെ ഏകദേശം 4.5 കോടി രൂപ പിഴയും പലിശയും സഹിതം  ട്രസ്റ്റ് അടക്കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഈ വിധിയാണ് സുപ്രീം കോടതിയും ശരിവെച്ചത്.
Share news