KOYILANDY DIARY.COM

The Perfect News Portal

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം, കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് . ഒന്‍പതാം ക്‌ളാസില്‍ പഠിയ്ക്കുമ്പോഴാണ് ബൽറാം ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്.

 

പരേതരായ സി എച്ച് പത്മനാഭൻ നമ്പ്യാരുടെയും സി എം ജാനകിയമ്മയുടെയും മകനാണ്. നാറാത്ത് സ്വദേശിനി കെ എൻ സൗമ്യയാണ് ഭാര്യ. മകൾ: ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. അസുഖ ബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകൽ രണ്ടിന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Advertisements
Share news