KOYILANDY DIARY.COM

The Perfect News Portal

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന്‌ ആവർത്തിച്ച്‌ കെ സുരേന്ദ്രൻ

കൽപ്പറ്റ: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് മാറ്റണമെന്ന്‌ ആവർത്തിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു.

ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്‌ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്.

 

തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രം മായ്‌ക്കാനുള്ള സംഘ്‌പരിവാറിന്റെ അജണ്ടയുടെ ഭാഗമായാണ്‌ സ്ഥലപ്പേരുകൾ മാറ്റുന്നതിന്‌ തുടക്കമിട്ടത്‌. ഉത്തരേന്ത്യയിലെ നിരവധി സ്ഥലപ്പേരുകൾ ഇതിനോടകം മാറ്റിക്കഴിഞ്ഞു. പ്രധാന നഗരങ്ങളുടെയടക്കം പേരുകൾ ബിജെപി സർക്കാരുകൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്‌.

Advertisements
Share news