KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരോട് കേന്ദ്ര സര്‍ക്കാരിന്റെ കൊടും ചതി; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരോട് കേന്ദ്ര സര്‍ക്കാരിന്റെ കൊടും ചതി.   കേന്ദ്രം നല്‍കേണ്ട തുക കേരളം നല്‍കിയിട്ടും പെന്‍ഷന്‍കാര്‍ക്കത് വിതരണം ചെയ്തില്ല. 62,000 പേര്‍ക്കാണ് തുക ലഭിക്കാനുള്ളത്. 6.8 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷനില്‍ കേന്ദ്ര വിഹിതമുള്ളത്. ഇതില്‍ 1.94 ലക്ഷം പേരുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ അവതാളത്തിലാക്കിയത്. 

സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടലില്‍ ബാക്കിയുള്ളവര്‍ക്ക് രണ്ടാഴ്ചയോളം വൈകി തുക ലഭിച്ചു. മൂന്ന് ആഴ്ചയായിട്ടും 62,000 പേരുടെ തുക ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാതെ കബളിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 15ന് കേരളം കൈമാറിയ തുകയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി എഫ് എം എസ് (പബ്ലിക് ഫിനാന്‍സ് മാനേജുമെന്റ് സിസ്റ്റം) എന്ന നെറ്റ്‌വര്‍ക്ക് വഴി ആക്കണമെന്ന നിര്‍ദേശം വന്നു. ഇതനസുരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത് മുന്‍കൂറായി നല്‍കുകയാണ്. 

 

കഴിഞ്ഞ മാസം വിതരണം പൂര്‍ത്തിയാക്കിയ ഒരു ഗഡു പെന്‍ഷന്റെ കേന്ദ്ര വിഹിതവും സംസ്ഥാന ഫണ്ടില്‍നിന്നാണ് ലഭ്യമാക്കിയത്. എന്നാല്‍, പിഎഫ്എംഎസ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച തുകയില്‍ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിയില്ല. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.8 ലക്ഷം പേര്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുകയും നല്‍കുന്നത്. തുടര്‍ന്ന് റീ ഇമ്പേഴ്‌സ്‌മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി.

Advertisements

 
ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്‍കിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല. എന്നിട്ടും മുടക്കമില്ലാതെ കേന്ദ്ര വിഹിതം ഉള്‍പ്പെടെ ലഭ്യമാക്കി പെന്‍ഷന്‍കാരോട്പ്രതിജ്ഞാബദ്ധ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തിമാക്കി.

Share news