KOYILANDY DIARY.COM

The Perfect News Portal

ബിജെപിയുടെ അഴിമതിക്കും നയങ്ങൾക്കും തപ്പുകൊട്ടുന്നവരാണ്‌ കോൺഗ്രസുകാർ; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ അഴിമതിക്കും നയങ്ങൾക്കും തപ്പുകൊട്ടുന്നവരാണ്‌ കോൺഗ്രസുകാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള പ്രചാരണത്തിന്‌ തുടക്കം കുറിച്ച്‌ നെയ്യാറ്റിൻകരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്നതിൽ ഒന്നാമത്തെ കുറ്റവാളി ബിജെപിയാണ്‌. 60 ലക്ഷം പേർക്ക്‌ പെൻഷൻ നൽകുന്നതുൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ ധൂർത്താണെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നിലപാടിനെ കോൺഗ്രസും പിന്തുണച്ചു. കേരളത്തിനുവേണ്ടി ഒരുമിച്ച്‌ പോരാടാൻ ക്ഷണിച്ചിട്ടും കോൺഗ്രസുകാർ വന്നില്ല. 18 യുഡിഎഫ്‌ എംപിമാരും പാർലമെന്റിൽ നിശ്ശബ്ദരായിരുന്നു.

 

ഇലക്ടറൽ ബോണ്ട്‌ ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയാണ്‌.
കോൺഗ്രസും അതിന്റെ പങ്കുപറ്റി. കമ്യൂണിസ്റ്റ്‌ പാർടികൾ മാത്രമാണ്‌ എതിർത്തത്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്‌ വൻ അഴിമതിയുടെ രഹസ്യങ്ങൾ ചുരുളഴിഞ്ഞത്‌. ആർഎസ്‌എസിന്റെ വർഗീയതയെ എതിർക്കാനല്ല, അതിനോട്‌ സമരസപ്പെടുന്ന നിലപാടാണ്‌ കോൺഗ്രസിനുള്ളതെന്ന്‌ മുഖ്യമന്ത്രി നേമം കൺവൻഷനിൽ പറഞ്ഞു.

Advertisements

 

ഏത്‌ കോൺഗ്രസുകാരനാണ്‌ നാളെ ബിജെപിയാകുക എന്ന്‌ പറയാനാകില്ല. തനിക്ക്‌ തോന്നിയാൽ താൻ ബിജെപിയിൽ പോകുമെന്ന്‌ പറഞ്ഞയാളാണ്‌ കെപിസിസി പ്രസിഡന്റ്‌. പൗരത്വനിയമത്തിനെതിരായ പോരാട്ടത്തിലും കോൺഗ്രസിന്‌ നിലപാടില്ല. ‘ആലോചിച്ച്‌ നാളെപ്പറയാം’ എന്നാണ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.  ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച്‌ പണം പിടുങ്ങുന്ന പാർടിയായി ബിജെപി മാറി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഭയപ്പെടുത്തി പണം വാങ്ങാനും എതിരാളികളെ വേട്ടയാടാനുമാണ്‌ അവർ ശ്രമിക്കുന്നത്‌. 121 രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസെടുത്തു. സിബിഐ 124 കേസ്‌ എടുത്തു. ഇതിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക്‌ എതിരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news