KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: റൊണാൾഡോയുടെ അൽ നാസർ തോറ്റ് പുറത്ത്

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുഎഇ ക്ലബ് അൽ ഐനിനോട് തോറ്റ് പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അൽ ഐൻ വിജയം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ ഐനിൻ്റെ സൗഫിയാനെ റഹിമി നേടിയ ഒരു ഗോളിന് അൽ നാസർ പരാജയപ്പെട്ടിരുന്നു.

മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി അൽ ഐൻ ലീഡ് നേടി. ആദ്യ പാദത്തിൽ ഗോൾ നേടിയ സൗഫിയാനെ റഹിമിയാണ് രണ്ട് ഗോളുകളും നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽ നാസർ ഒരു ഗോൾ മടക്കി. അബ്ദുറഹ്മാൻ ഗരീബാണ് അൽ നാസറിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ കളിക്കുന്ന അൽ നാസറിനെയാണ് കണ്ടത്. 51 -ാം മിനിറ്റിൽ ഖാലിദ് ഈസയുടെ സെല്ഫ് ഗോളിൽ അൽ നാസർ സ്കോർ 2-2 ആക്കി മാറ്റി.

 

61-ാം മിനിറ്റിൽ അൽ നാസറിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും റൊണാൾഡോയുടെ ഷോട്ട് പുറത്തേക്ക് പോയി. 72-ാം മിനിറ്റിൽ അലക്സ് ടെല്ലസ് അൽ നാസറിനെ മുന്നിലെത്തിച്ചു. 98-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അയ്മാൻ യഹ്യക്ക് ചുവപ്പ് കാർഡ്. 103-ാം മിനിറ്റിൽ സൂപ്പർ സബ് അൽ ഷംസി അൽ ഐനിനായി ഗോൾ കണ്ടെത്തി. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോൾ ആക്കിയ റൊണാൾഡോ സ്കോർ 4-3 ആയി ഉയർത്തി. ഇതോടെ ഗെയിം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ട് ഔട്ടിൽ അൽ ഐൻ താരങ്ങളായ റഹിമി, കക്കു, ഷംഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മൂന്ന് അൽ നാസർ താരങ്ങൾ അവസരം നഷ്ടപ്പെടുത്തി. 39 കാരനായ പോർച്ചുഗീസ് മാത്രമാണ് ഷൂട്ടൗട്ടിൽ ഗോൾ നേടിയ അൽ നാസർ താരം.

Advertisements
Share news