KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ് നിലപാടെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്ന മുദ്രാവാക്യമാണ് ഇടതു മുന്നണി ഉയർത്തിപ്പിടിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും  എകെജി സെന്ററിൽ സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞു.

പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വികാരം വളർന്നു വരുന്നുണ്ട്. ബിഹാറിൽ ബിജെപി വിരുദ്ധമുന്നണി രൂപപ്പെട്ടുകഴിഞ്ഞു. യുപിയിലും സമാനതീതിയിലാണ്. എഎപിയുമായി ചേർന്നുള്ള കൂട്ടുകെട്ട് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. മഹാരാഷ്ട്രയിലും വിശാലമായ ഐക്യം രൂപപ്പെട്ടുവരുന്നുണ്ട് എന്നതും ബിജെപിയെ താഴെയിറക്കാനുള്ള ശ്രമങ്ങൾ വിപുലമാക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിച്ച് പോകാതെ ഒന്നിച്ചു കൊണ്ടുപോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

കോർപ്പറേറ്റ് മാധ്യമങ്ങൾ ബിജെപി ഏറെ മുന്നേറിയെന്നാണ് പ്രചരിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുന്നുണ്ടെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് അവർക്ക്  ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യ മുന്നണി ഒരുമിച്ചു നിന്ന് വോട്ടുകൾ നേടിയാൽ ബിജെപിക്ക് ജയിക്കുക എന്നുള്ളത് സാധ്യമല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിൽക്കുക എന്ന നിലപട് എടുത്തെങ്കിലേ ബിജെപിയെ തോൽപ്പിക്കാനാകൂ.

Advertisements

ഹിന്ദുത്വ നിലപാടാണ് ബിജെപി എന്നും സ്വീകരിക്കുന്നത്. അയോധ്യ ക്ഷേത്രത്തെ ഉപയോ​ഗിച്ച് ബിജെപിയും മാധ്യമങ്ങളും ഒരു നല്ല ചിത്രം ഉണ്ടാക്കി ഇലക്ഷൻ വിജയിക്കാനാണ് ശ്രമിക്കുന്നത്. ഫാസിസ്റ്റ് രീതിയിൽ നിലപാടെടുത്ത് ഭരണഘടനയെ തള്ളിക്കളഞ്ഞാണ് ബിജെപി മുന്നോട്ട് പോകുന്നത്. ഇതിനെ എതിർത്ത്  മുന്നോട്ടു പോകുന്നത് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കോൺ​ഗ്രസ് പ്രസ്താവനയിറക്കിയത് തന്നെ ഇടതുപക്ഷം കർശനമായ നിലപാട് എടുത്ത് നിന്നതിനു ശേഷമാണ്. ഇടതുമുന്നണി മാത്രമാണ് കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ച് കേരളത്തിനു വേണ്ടി സംസാരിച്ചത്. കേരളത്തിലെ പ്രതിപക്ഷം എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെയുൾപ്പെടെ എതിർത്ത് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്. ഈ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.

Share news