പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളത്; മന്ത്രി പി രാജീവ്

കൊച്ചി: പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വ്യവസായമന്ത്രി പി രാജീവ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ ഹബ്ബായി സംസ്ഥാനം മാറുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ്എഫ്ബിസികെ)യുടെ ‘ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്‌സ് സിഎംഡി ടി എസ് കല്യാണരാമന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ടരലക്ഷത്തിനടുത്ത് സൂക്ഷ്മ- ചെറുകിടസംരംഭങ്ങള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 71,000 എണ്ണം വനിതാസംരംഭങ്ങളാണ്.

ബാങ്കുകളുടെ മുന്നില്‍വരുന്ന സംരംഭകരെ മടക്കിവിടുകയല്ല, അവര്‍ക്ക് സഹായമൊരുക്കുന്ന അന്തരീക്ഷമുണ്ടാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. മറൈന്‍ഡ്രൈവിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ബിസികെ പ്രസിഡണ്ടും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത് കൊട്ടാരത്തില്‍ അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍, ധനലക്ഷ്മി ബാങ്ക് എംഡി ജെ കെ ശിവന്‍, എബ്രഹാം തരിയന്‍, മറ്റ ബാങ്ക് മേധാവികള്‍, എസ്എഫ്ബിസികെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിങ് രംഗത്തെ മികവിനുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

