KOYILANDY DIARY.COM

The Perfect News Portal

‘ഡൽഹി ചലോ’ മാർച്ച്‌ സംഘടിപ്പിക്കുന്ന കർഷകർക്കുനേരെ ‘യുദ്ധം

ന്യൂഡൽഹി: ‘ഡൽഹി ചലോ’ മാർച്ച്‌ സംഘടിപ്പിക്കുന്ന പഞ്ചാബിൽനിന്നുള്ള കർഷകർക്കുനേരെ ‘യുദ്ധം’ പ്രഖ്യാപിച്ച് കേന്ദ്രത്തിലെയും ഹരിയാനയിലെയും ബിജെപി സർക്കാർ. പഞ്ചാബ്‌ – ഹരിയാന അതിർത്തിയിൽ തടഞ്ഞുവച്ച കര്‍ഷകര്‍ക്കുനേരെ തുടര്‍ച്ചയായി രണ്ടാംദിവസവും ഹരിയാന പൊലീസ്‌ കണ്ണീർ വാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും പ്ലാസ്റ്റിക്ക്‌ ബുള്ളറ്റുകളും പ്രയോഗിച്ചു. നേതാക്കളെ അറസ്‌റ്റുചെയ്‌തും സമരം തകർക്കാൻ ശ്രമിച്ചു.

ഡ്രോണ്‍ ഉപയോ​ഗിച്ച് കണ്ണീര്‍ വാതക പ്രയോ​ഗം നടത്തിയ ഹരിയാന പൊലീസിന്റെ അസാധാരണ നീക്കത്തെ ആകാശത്തേക്ക് കൂട്ടത്തോടെ പട്ടംപറത്തിയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്. രാജ്യത്ത്‌ ആദ്യമായാണ്‌ പൊലീസ്‌ സേന ഡ്രോണുകളിൽ കണ്ണീർവാതകം പ്രയോഗിക്കുന്നത്‌. നേരിടാന്‍ കൂറ്റൻ ബാരിക്കേഡുകളും മുള്ളാണികളും മുൾവേലികളും മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.

 

ശംഭു കുർദ്‌, ഖരൗരി അതിര്‍ത്തിമേഖലകളില്‍ കര്‍ഷകരെ നിഷ്ഠൂരമായാണ് പൊലീസ് നേരിട്ടത്. നിരവധി കർഷകർക്ക്‌ ​ഗുരുതരപരിക്കേറ്റു. ഇവരുടെ ചികിത്സാചെലവ്‌ ഏറ്റെടുക്കുമെന്ന്‌ പഞ്ചാബ്‌ സർക്കാർ പ്രഖ്യാപിച്ചു. യുപി-, ഡല്‍ -അതിർത്തിയായ ഗാസിപ്പുരിൽ വൻ നിയന്ത്രണങ്ങൾ തുടരുകയാണ്‌. തിക്രി അതിർത്തിയിൽ പത്തുനിര ബാരിക്കേഡാണ്‌ നിരത്തിയിരിക്കുന്നത്‌. രാജ്യാന്തര അതിർത്തികളിൽ ഉപയോഗിക്കുന്നതിന്‌ സമാനമായ മുള്ളുവേലികളും ഉറപ്പിച്ചിട്ടുണ്ട്. തൊട്ടുപിന്നിൽ കണ്ടെയ്‌നറുകളിൽ മണൽ നിറച്ചിരിക്കുകയാണ്‌.

Advertisements

 

കര്‍ഷകരുമായി 
ഇന്ന് ചര്‍ച്ച

രാജ്യത്തിന്റെ ‘അന്നദാതാക്കളെ’ പൊലീസ് നേരിടുന്ന രീതിയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സമരത്തിലുള്ള സംഘടനാ നേതാക്കളുമായി വ്യാഴാഴ്‌ച വീണ്ടും ചർച്ചയ്ക്ക്‌ കേന്ദ്രം സന്നദ്ധത അറിയിച്ചു. സംയുക്ത കിസാൻ മോർച്ച (നോൺപൊളിറ്റിക്കൽ) നേതാവ്‌ ജഗ്‌ജീത്‌ സിങ്‌ ദല്ലെവാൾ, കിസാൻ മസ്‌ദൂർ സംഘർഷ്‌ സമിതി ജനറൽ സെക്രട്ടറി സർവൻ സിങ്‌ പന്ഥേർ തുടങ്ങിയ നേതാക്കളുമായിട്ടാകും കേന്ദ്രം ചർച്ച നടത്തുക. രണ്ടുവട്ടം ചർച്ച പരാജയപ്പെട്ടിരുന്നു.

 

അടിച്ചമർത്തൽ അവസാനിപ്പിക്കണം: കിസാൻസഭ

ഡൽഹി മാർച്ചിൽ പങ്കെടുത്ത കർഷകരെ  ക്രൂരമായി മർദ്ദിച്ച നടപടികളെ അഖിലേന്ത്യ കിസാൻസഭ അപലപിച്ചു. മോദി സർക്കാരിന്റെ കർഷകവിരുദ്ധ മുഖം തുറന്നുകാട്ടാൻ വർധിതവീര്യത്തോടെ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും ആഹ്വാനംചെയ്‌തു. അറസ്റ്റിലായ നേതാക്കളെ ഉടൻ വിട്ടയക്കണം. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും ആഹ്വാനംചെയ്‌ത വെള്ളിയാഴ്‌ചത്തെ ഗ്രാമീണ ബന്ദ്‌ വിജയിപ്പിക്കാനും കിസാൻസഭ ആഹ്വാനം ചെയ്‌തു. ഇന്ത്യയെ രക്ഷിക്കാൻ നടക്കുന്ന പോരാട്ടത്തിൽ അണിചേരാനും കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും അഭ്യർത്ഥിച്ചു.

Share news